കൊടുങ്ങല്ലൂർ: ശക്തമായ മഴയെത്തുടർന്ന് തീരദേശത്ത് തോടുകളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു. സംസ്ഥാന സർക്കാർ പെരുംതോട് വലിയതോട് പദ്ധതിയിലൂടെയും പഞ്ചായത്തുകൾ ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതിയിലൂടെയും തോട് നവീകരണം നടത്തിയതിനാൽ ഇക്കുറി വെള്ളക്കെട്ട് ഉണ്ടായിരുന്നില്ല. എന്നാൽ ശക്തമായ മഴ തീരദേശത്തിന് ഭീഷണിയാകുന്നുണ്ട്.
മഴയുടെ പശ്ചാത്തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പുതിയ റോഡിലുള്ള അറപ്പ പൊട്ടിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി സഹായത്തോടെയാണ് അറപ്പത്തോട് പൊട്ടിച്ചത്.
പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് കോരുചാലിൽ, സന്തോഷ് പുളിക്കൽ, സഹറാബി ഉമ്മർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.