തൃശൂർ: നഗരത്തിൽ മാസങ്ങളായി തുടരുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാതെ മേയർ കൗൺസിലർമാർക്കും തൃശൂരിലെ ജനങ്ങൾക്കും നൽകിയ വാക്ക് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. മേയ് ഒന്നുമുതൽ മുതൽ നഗരത്തിൽ ശുദ്ധജലം എത്തിക്കുമെന്ന് മേയർ മുൻപ് നൽകിയ വാക്ക് പാലിക്കാത്തതിലും പൈപ്പിൽ വന്നുകൊണ്ടിരിക്കുന്ന മലിനജലം കുപ്പിയിൽ നിറച്ചു വച്ചായിരുന്നു സമരം. നഗരത്തിൽ ശുദ്ധജലം ലഭിക്കുംവരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും മഴക്കാല പൂർവ ശുചീകരണം ഒന്നുംതന്നെ ഇതുവരെ നടത്തിയിട്ടില്ലെന്നും ബി.ജെ.പി ആരോപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വലിയ ആശങ്കയിൽ ആണെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണം പെട്ടന്ന് തുടങ്ങണമെന്നും ബി.ജെ.പി പാർലമെന്റ് ലീഡർ വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു. കൗൺസിലർമാരായ എൻ. പ്രസാദ്, ഡോ. ആതിര, കെ.ജി. നിജി, എൻ.വി. രാധിക എന്നിവർ പങ്കെടുത്തു.