ചാലക്കുടി: വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം തടയുന്ന പ്രവർത്തനങ്ങൾക്കായി വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സംയുക്ത യോഗം ചാലക്കുടിയിൽ നടന്നു. വന്യജീവി ആക്രമണം, കൃഷിനാശം എന്നിവ തടയുന്ന വന്യമിത്ര സംയോജിത പദ്ധതി പ്രകാരമായിരുന്നു യോഗം. ഹ്രസ്വകാല ദീർഘകാല പരിഹാര മാർഗങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ സ്വീകരിച്ചു. പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കാനാകുന്ന അനുയോജ്യ പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തി ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.
ചാലക്കുടി, പീച്ചി, വാഴച്ചാൽ വനം ഡിവിഷനുകൾക്ക് കീഴിൽ വരുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗമാണ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ കെ.കെ. റിജേഷ്, മായാ ശിവദാസൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.എസ്. പ്രിൻസ്, ജെനീഷ് പി. ജോസ്, ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാർ, വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.