വടക്കാഞ്ചേരി: നഗരസഭയിലെ ഒന്നാംകല്ല് 13 ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. 82 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. 1518 വോട്ടർമാരിൽ 1235 പേരും വോട്ട് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയ വരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി എൽ.ഡി.എഫ് കയ്യടക്കി വെച്ചിരിക്കുന്ന ഡിവിഷനാണ് ഒന്നാംകല്ല്. ത്രികോണ മത്സരമാണ് നടക്കുന്നത്. മുൻ നഗരസഭാ കൗൺസിലറും മുൻ വടക്കാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സിന്ധു സുബ്രഹ്മണ്യനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മല്ലിക സുരേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 10 മുതൽ വോട്ടെണ്ണൽ ആരംഭിക്കും.