കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം സർവീസ് റോഡിൽ തെരുവ് വിളക്ക് സ്ഥാപിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. ഇതോടെ ബി.ജെ.പിയുടെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി കോൺഗ്രസ് കൗൺസിലർ വി.എം. ജോണി അറിയിച്ചു. ഇന്നലെ നടന്ന നഗരസഭാ യോഗത്തിൽ നിന്നും ബി.ജെ.പി കൗൺസിലർമാർ വിട്ടുനിന്നിരുന്നു.

യോഗം ആരംഭിച്ചയുടൻ പ്രതിപക്ഷത്തെ ഏകനായി ഉണ്ടായിരുന്ന കോൺഗ്രസ് കൗൺസിലർ വി.എം. ജോണി ബൈപാസിലെ വഴിവിളക്ക് വിഷയം ഉന്നയിക്കുകയായിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് സർവീസ് റോഡിൽ വഴിവിളക്ക് സ്ഥാപിക്കാൻ യോഗം തീരുമാനിച്ചത്.

സർവ്വീസ് റോഡിനോട് ചേർന്ന് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനിരിക്കെയാണ് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയെതെന്ന് നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ വ്യക്തമാക്കി. സർവീസ് റോഡിനോട് ചേർന്നുള്ള വാർഡുകളിലെ കൗൺസിലർമാർക്ക് ആവശ്യമെങ്കിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള പോസ്റ്റുകൾ ഇടാമെന്നതാണ് എൽ.ഡി.എഫ് നിലപാടെന്ന് വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.

ഇതോടെ ബി.ജെ.പിയുടെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയതായി വി.എം. ജോണി അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, പി.എൻ. വിനയചന്ദ്രൻ , അഡ്വ. വി.എസ്. ദിനൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.