കൊടുങ്ങല്ലൂർ: ബൈപ്പാസിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന സമരം വിജയിച്ചെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിൽ അടിസ്ഥാനവുമില്ലെന്ന് നഗരസഭാ ചെയർപേഴ്‌സണും വൈസ് ചെയർമാനും പറഞ്ഞു. നഗരസഭാ കൗൺസിലിൽ പഴയ നിലപാടിൽ നിന്ന് വ്യത്യസ്തമായ ഒരു തീരുമാനവും എടുത്തിട്ടില്ല. സർവീസ് റോഡിൽ ഓരോ കൗൺസിലർമാർക്കും അവരവരുടെ വാർഡ് പരിധിയിൽ വരുന്ന പ്രദേശത്തെ വൈദ്യുത പോസ്റ്റുകളിൽ ലൈറ്റിടുന്നതിന് കൗൺസിൽ ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
നാല് കൗൺസിലർമാർ അവരുടെ പരിധിയിൽ ഉൾപ്പെട്ട സർവീസ് റോഡിൽ ലൈറ്റിട്ടതിന് നഗരസഭാ കൗൺസിൽ തടസം പറഞ്ഞിട്ടില്ല. ബി.ജെ.പി കൗൺസിലർമാർ ഒരാൾ പോലും ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ല. എടുക്കാത്ത തീരുമാനത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തി ആഹ്ലാദിക്കുന്ന ബി.ജെ.പിയും കോൺഗ്രസും സമരം നിറുത്താൻ അവസരം പാർത്ത് നിൽക്കുകയായിരുന്നുവെന്ന് ചെയർപേഴ്‌സൺ എം.യു. ഷിനിജയും വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും പ്രസ്താവനയിൽ വ്യക്തമാക്കി.