പാവറട്ടി: സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാപദ്ധതി പ്രകാരം 310 ഏക്കർ സ്ഥലത്ത് നടപ്പാക്കിയ വെങ്കിടങ്ങ് പഞ്ചായത്തിലെ വടക്കേ കോഞ്ചിറ പടവിലെ ഇരുപ്പൂനെൽക്കൃഷി കൊയ്യാനാകാതെ നശിക്കുന്നു. തൊണ്ണൂറ് ദിവസം മൂപ്പുള്ള മനുരത്‌ന വിത്ത് ഉപയോഗിച്ചാണ് രണ്ടാം പൂവിൽ കൃഷിയിറക്കിയിരുന്നത്. ഇപ്പോൾ നെൽക്കൃഷി 108 ദിവസം പിന്നിട്ടു. കോൾ ചാലുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ പടവിൽ നിന്നും വെള്ളം പൂർണമായും വറ്റിക്കാൻ കഴിയുന്നില്ല. ബണ്ടുകൾ കവിഞ്ഞ് പല ഭാഗത്തും വെള്ളം വിളവെടുപ്പിന് പാകമായ പാടത്തേക്ക് ഒഴുകയാണ്. മഴയിൽ നെൽച്ചെടികൾ മറിഞ്ഞ് വീണ് നെല്ല് മുളച്ചുതുടങ്ങി. കഴിഞ്ഞ ഒന്നാം പൂവിൽ വിളവെടുപ്പ് സമയത്ത് ഉണ്ടായ ഇലകരിച്ചിൽ രോഗംമൂലം പടവിലെ ഭൂരിഭാഗം നെൽക്കൃഷിയും നശിച്ചിരുന്നു. മികച്ച വിളവ് പ്രതീക്ഷിച്ച് വായ്പയെടുത്ത് രണ്ടാംപൂ കൃഷിയിറക്കിയ കർഷകരാണ് കൃഷി നാശം മൂലം വീണ്ടും പ്രതിസന്ധിയിലായിട്ടുള്ളത്. നെല്ല് സംഭരണത്തിനായി സപ്ലൈകോ രണ്ട് മില്ലുകളെ പടവിലേക്ക് അയച്ചിരുന്നുവെങ്കിലും അവർ നെല്ലെടുക്കാൻ തയ്യാറായില്ല.

തെക്കേ കോഞ്ചിറ പടവിലും സ്ഥിതി മറിച്ചല്ല
തെക്കേ കോഞ്ചിറ പടവിലെ 150 ഏക്കർ സ്ഥലത്തെ വിളവെടുപ്പിന് പാകമായ നൽകൃഷിയും നാശത്തിന്റെ വക്കിലാണ്. വേനൽമഴ ശക്തമായി തുടരുന്നതും കാലവർഷം നേരത്തെ എത്തുമെന്ന അറിയിപ്പും നെൽക്കർഷകരെ മുഴുവൻ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏനാമാവിലെ താത്കാലിക വളയംകെട്ട് കൂടുതൽ പൊട്ടിക്കുകയും ഏനാമാവ് റെഗുലേറ്ററിന്റെ പകുതി ഷട്ടറുകളെങ്കിലും തുറക്കുകയും ചെയ്താൽ മാത്രമേ പാടശേഖരങ്ങളിലെ കനാലുകളിൽ ജലനിരപ്പ് താഴുകയുള്ളൂ. എനാമാവ് ഫെയ്‌സ് കനാലിൽ ഇപ്പോൾ ഒരു മീറ്ററിലും മുകളിലാണ് ജലനിരപ്പ്. നെൽക്കൃഷിയെയും കർഷകരേയും സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് നെൽക്കർഷകരുടെ ആവശ്യം.

പടവിലെ നെൽക്കൃഷി സംരക്ഷിച്ച് കൊയ്‌തെടുക്കുന്നതിനും കൃഷി നാശം സംഭവിച്ചവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി ഉണ്ടാകണം.
ടി.വി.ഹരിദാസൻ, രവി അമ്പാട്ട്,
ബിജോയ് പെരുമാട്ടിൽ, കെ.എച്ച്. നജീബ്
(പടവ് കമ്മിറ്റി ഭാരവാഹികൾ)