ഗുരുവായൂർ: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികാരികളെ പ്രതീകാത്മകമായി റോഡിലെ ചെളിയിൽ കെട്ടിത്താഴ്ത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഗുരുവായൂർ, മമ്മിയൂർ, കോട്ടപ്പടി റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവ് കാഴ്ചയായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അടിയന്തര ചികിത്സാ ആവശ്യത്തിന് പോലും പരിസരവാസികൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത ദുരവസ്ഥയാണ്. സ്ഥലം എം.എൽ.എ, നഗരസഭാ ചെയർമാൻ അടക്കമുള്ളവരെ റോഡിലെ ചെളിയിൽ പ്രതീകാത്മകമായി കെട്ടി താഴ്ത്തിയായിരുന്നു യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മമ്മിയൂരിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചൂൽപ്പുറത്ത് റോഡിലെ ചെളിക്കുണ്ടിൽ അധികാരികളുടെ കോലം പ്രതീകാത്മകമായി കെട്ടിത്താഴ്ത്തി സമാപിച്ചു. മമ്മിയൂർ സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം. നൗഫൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ രേണുക ടീച്ചർ, ജില്ലാ സെക്രട്ടറിമാരായ സി.എസ്. സൂരജ്, വി.കെ. സുജിത്ത്, കെ.ബി. വിജു, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ മുജീബ് അകലാട്, വി.എസ്. നവനീത്, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് പാലിയത്ത്, എൻ.എച്ച്. ഷാനിർ, ഫത്താഹ് മന്ദലാംകുന്ന്, ഹസീബ് വൈലത്തൂർ, നവീൻ മുണ്ടൻ, മൊയ്ദീൻഷാ പള്ളത്ത് എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ മിഥുൻ ഗുരുവായൂർ, സിബിൽ ദാസ്, കെ. ബി. സുബീഷ്, റംഷാദ് മല്ലാട്, വിനീത് വിജയൻ, പ്രജോഷ് പ്രതാപൻ, ഫദിൻരാജ് ഹുസൈൻ, ഗോകുൽ കൃഷ്ണ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
ഗുരുവായൂരിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരം.