pipe
കലാഞ്ഞിയിൽ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ കുടിവെള്ളം പാഴാകുന്നു

തളിക്കുളം: കലാഞ്ഞിയിൽ കിഴക്കേ ടിപ്പുസുൽത്താൻ റോഡിന് നടുവിൽ നാലു ദിവസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വെള്ളം കുത്തിയൊലിച്ച് റോഡിന്റെ ഇരുവശത്തേയ്ക്കും ഒഴുകുകയാണ്. ഇതോടെ റോഡിൽ വലിയ കുഴിയും രൂപപ്പെടുകയും വാഹനയാത്രക്ക് ഇത് ദുഷ്‌കരമായിത്തീരുകയും ചെയ്യുകയാണ്. കുഴിയുള്ള ഭാഗത്ത് അപകട സൂചകമായി വിവിധ രാഷ്ട്രീയ പാർട്ടികൾ കൊടിതോരണവും ഓലപ്പട്ടയും കുത്തിവച്ചിരിക്കുകയാണ്. മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ജല അതോറിറ്റിയിൽ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.