ചാലക്കുടി: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിച്ച് അന്തിമമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും ജനങ്ങളുടെ പരാതികൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുകയും പരാതിക്കാരെ കൗൺസിൽ നേരിൽ കേൾക്കുകയും ചെയ്തിരുന്നു. സുവർണ ജൂബിലി ആഘോഷ പരിപാടികൾ ജൂലൈ മാസത്തിൽ നടത്താനും യോഗം തീരുമാനിച്ചു. നഗരസഭ 14-ാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വാർഡ് സഭകളിൽ നിന്നും ഉണ്ടായ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് 21 ന് രാജീവ്ഗാന്ധി ടൗൺഹാളിൽ വികസന സെമിനാർ നടത്തും. ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി കഴിഞ്ഞ 25 വർഷത്തെ ജനപ്രതിനിധികളേയും ആസൂത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരേയും സെമിനാറിൽ ആദരിക്കും. ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു.