v

തൃശൂർ: സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും പതിനെട്ട് വർഷത്തിനിടെ 50,000 പേർ കുറഞ്ഞിട്ടുണ്ടെന്നും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കുടുംബവർഷ സമാപനത്തോടനുബന്ധിച്ചുള്ള കുടുംബസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂർ മെത്രാനായി താൻ ചുമതലയേറ്റപ്പോൾ ഉണ്ടായിരുന്നവർ ഇപ്പോഴില്ല. സഭ വളരുകയാണോ തളരുകയാണോ? വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്. അവർ വിശ്വാസമുള്ളവരെ കൂടെകൂട്ടുന്നു. പെൺകുട്ടികളും അതിൽ പെട്ടുപോയിട്ടുണ്ട്​. ഇത്തരം പ്രതിസന്ധികളിലൂടെയാണ്​ സഭ കടന്നുപോകുന്നത്.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വത്തിൽ വിശ്വാസമില്ലാത്തവരുടെ എണ്ണം കൂടുന്നു. ഇന്ന്​ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നതും തകർക്കപ്പെടുന്നതും കുടുംബമാണ്​. സഭയെ നശിപ്പിക്കാനായി വിശ്വാസത്തിനെതിരായി, ത്രിത്വത്തിനെതിരായി പ്രവർത്തനങ്ങൾ നടക്കുന്നു. സഭയെ തകർക്കാൻ വൈദികർക്കും കന്യാസ്​ത്രീകൾക്കും മെത്രാൻമാർക്കുമെതിരായ പ്രവർത്തനം നടന്നു. ഇപ്പോൾ സഭാശത്രുക്കൾ കുടുംബങ്ങൾക്കെതിരായി പ്രവർത്തിക്കുന്നു.

തൃശൂർ അതിരൂപതയിൽ 35 കഴിഞ്ഞവരും വിവാഹം കഴിക്കാത്തവരുമായ 10000-15000 യുവാക്കളുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടി. വിവാഹമോചനം തേടിവരുന്നത്​ അനേകായിരമാണ്​. ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ സഭയേയോ ലോകത്തെയോ സമൂഹത്തെയോ രക്ഷിക്കാനാവില്ല. ജസ്റ്റിസ്​ കുര്യൻ ജോസഫ്​ വിഷയാവതരണം നടത്തി.