
ഇരിങ്ങാലക്കുട: കൂത്തമ്പലങ്ങളിലെ ജാതിവിലക്ക് നീക്കാൻ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിന്റെ ഡയറക്ടർ വേണുജി സ്ഥാനം രാജിവച്ചു. കൂടിയാട്ടം അഭ്യസിച്ച മറ്റ് ജാതിക്കാർക്കും കൂത്തമ്പലങ്ങളിൽ പ്രവേശനം നൽകണമെന്ന വിവാദത്തിന് പിന്നാലെയാണ് ഗുരുകുലത്തിന്റെ കുലപതി കൂടിയായ വേണുജിയുടെ രാജി. കൂടിയാട്ടം കലാകാരിയും വേണുജിയുടെ മകളുമായ കപില വേണുവും ഗുരുകുലത്തിൽ നിന്നു രാജിവച്ചു.
1982ൽ ഗുരു അമ്മന്നൂർ മാധവചാക്യാരുമൊന്നിച്ച് ഗുരുകുലം സ്ഥാപിച്ചവരിൽ അവശേഷിക്കുന്ന ഏക വ്യക്തിയാണ് വേണുജി. കൂത്തമ്പലത്തിലെ ജാതിവിലക്ക് സംബന്ധിച്ച വിവാദം ഉയർന്നതിനെത്തുടർന്ന് ചാക്യാർ കുടുംബാംഗങ്ങളിൽ നിന്ന് വേണുജിക്ക് എതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനം ഉയർത്തിയിരുന്നു. കൂത്തമ്പലത്തിലെ ജാതിവിലക്ക് നീക്കുന്നത് സംബന്ധിച്ച് ദേവസ്വം കമ്മിഷണറുടെയും മന്ത്രിയുടെയും അഭിപ്രായം ഫെബ്രുവരിയിൽ തേടിയിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വിശദീകരണം.
'ജാതിവിലക്ക് നീക്കുന്നത് സംബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിലും തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലും ഇതേവരെ തീരുമാനം ആയിട്ടില്ല. ഗുരുകുലത്തിൽ ഇപ്പോൾ പഠിക്കുന്ന 11 വിദ്യാർത്ഥികൾക്കും നിലവിലെ സമ്പ്രദായം അനുസരിച്ച് കൂത്തമ്പലങ്ങളിൽ പ്രവേശിക്കാൻ പറ്റില്ല. എല്ലാവരും പഠനം ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണുള്ളത്".
- വേണുജി
'ഹൈന്ദവരിലെ അർഹരായ എല്ലാ കലാകാരൻമാർക്കും കൂത്തമ്പലം കലാവതരണത്തിന് സാദ്ധ്യമാക്കണമെന്നതാണ് അഭിപ്രായം. മാറ്റങ്ങൾ സമവായത്തിലൂടെ നടപ്പിലാക്കണം. ഇതുവരെ സമവായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അമ്മന്നൂർ കുടുംബാംഗങ്ങളും ഒരു വിഭാഗം തന്ത്രിമാരും എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നു".
- പ്രദീപ്മേനോൻ , കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ