ചാലക്കുടി: കനത്ത മഴയിൽ ദേശീയപാതയിലെ കോടതി ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷം. അടിപ്പാത നിർമ്മാണം നടക്കുന്നിടത്താണ് വെള്ളം ഉയർന്നത്. വെള്ളം ഒഴുകാൻ ഇടമില്ലാത്തതാണ് പ്രധാന കാരണം. അനന്തമായി നീളുകയാണ് അടിപ്പാത പൂർത്തീകരണം. ഇതിന് ശേഷമെ ഇവിടെ കാന നിർമ്മിക്കുകയുള്ളു. നിലവിൽ പ്രസ്തുത ഭാഗത്ത് വെള്ളം കെട്ടുക പതിവാണ്. ഇപ്പോൾ കൂനിന്മേൽ കുരു എന്ന സ്ഥിതിയായി മാറി. നൂറ് മീറ്ററോളം ദൂരം വെള്ളം കെട്ടിക്കിടക്കുന്നത് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളെ ചുറ്റിപ്പറ്റി ഏറെക്കാലമായി തുടരുന്ന വാഹനക്കുരുക്കിന് പുറമെയാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ സംജാതമായത്. മഴ കനത്താൽ പ്രശ്‌നം കൂടുതൽ രൂക്ഷമാകും.