കൊടുങ്ങല്ലൂരിലെ മനുഷ്യച്ചങ്ങലയിൽ അണിനിരന്ന എൽ.ഡി.എഫ് നേതാക്കൾ സത്യപ്രതിജ്ഞ ചൊല്ലുന്നു.
കൊടുങ്ങല്ലൂർ: ബി.ജെ.പി - ആർ.എസ്.എസ് സംഘടനകളുമായി അവിശുദ്ധ സഖ്യമുണ്ടാക്കി നഗരസഭ ഭരണം അട്ടിമറിക്കാനാനുള്ള കോൺഗ്രസിന്റെ ശ്രമം കൊടുങ്ങല്ലൂരിലെ മതേതര വിശ്വാസികൾ ചെറുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്.
കഴിഞ്ഞ എട്ട് വർഷമായി ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കാൻ കഴിയാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ പ്രതികരിക്കാൻ ബി.ജെ.പി തയ്യാറായിട്ടില്ല. കോൺഗ്രസ് കൗൺസിലറും അവരോടൊപ്പം നിന്ന് ബി.ജെ.പി സർക്കാരിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബൈപാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാരും ദേശീയപാത അധികൃതരും തയ്യാറാകണമെന്നും നിർദ്ദിഷ്ട എലിവേറ്റഡ് ഹൈവേ ചാലക്കുളം വരെ നീട്ടണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നഗരത്തിൽ സംഘടിപ്പിച്ച മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്തപ്പുര മുതൽ കൊടുങ്ങല്ലൂർ റിംഗ് റോഡ് ചുറ്റി കുത്തിക്കുട്ടൻ തമ്പുരാൻ ചത്വരം വരെയാണ് എൽ.ഡി.എഫ് മനുഷ്യചങ്ങല സൃഷ്ടിച്ചത്. തുടർന്ന് ചേർന്ന പൊതുയോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, പി.കെ. ചന്ദ്രശേഖരൻ, കെ.ജി. ശിവാനന്ദൻ, കെ.കെ. അബീദലി, കെ.വി. വസന്തകുമാർ, വേണു വെണ്ണറ, ജോസ് കുരിശിങ്കൽ, നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, പി.പി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.