book

തൃശൂർ: ആറ് മാസത്തിനിടെ, വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലേറെ വില കൂടുകയും ക്ഷാമം നേരിടുകയും ചെയ്തതോടെ പുതിയ അദ്ധ്യയനവർഷം പുസ്തകവില രക്ഷിതാക്കളുടെ കീശ കാലിയാക്കും. അച്ചടി അനുബന്ധ സാമഗ്രികളുടെ വിലയും കുതിച്ചുകയറി. നോട്ട്ബുക്ക്, പാഠപുസ്തകം തുടങ്ങി എല്ലാ കടലാസ് നിർമ്മിത ഉത്പന്നങ്ങളുടെയും വില ഇപ്പോൾ തന്നെ കൂടിയിട്ടുണ്ട്.

വരുംദിവസങ്ങളിൽ വീണ്ടും വിലകൂടുമെന്നാണ് പ്രിന്റേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്. 200 പേജ് നോട്ട്ബുക്കിന് മാത്രം പത്ത് രൂപ കൂടുമെന്നും 30 രൂപയുണ്ടായിരുന്ന പുസ്തകം 40 രൂപയ്ക്ക് വിറ്റാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂവെന്നും അവർ പറയുന്നു. ഇന്ധന വിലവർദ്ധനവും വൈദ്യുതി ചാർജ്ജ് കൂട്ടിയതും പ്രതിസന്ധി ഉയർത്തിയപ്പോഴാണ് ജി.എസ്.ടിയുടെ ആഘാതം.

നികുതി വിമുക്തമായിരുന്ന അച്ചടി മേഖലയിൽ 2005ൽ വാറ്റ് നടപ്പാക്കിയപ്പോൾ 5 ശതമാനം നികുതി ഏർപ്പെടുത്തി. 2017ൽ ജി.എസ്.ടി. വന്നപ്പോൾ മുതൽ കൃത്യമായ ധാരണയും വ്യക്തതയുമില്ലാതെയുള്ള നിരക്കാണ് നടപ്പിലാക്കിയത്. 5 ശതമാനം, 12 ശതമാനം എന്നതായിരുന്നു ഭൂരിപക്ഷം അച്ചടി ഉൽപ്പന്നങ്ങളുടേയും നികുതി നിരക്ക്. 2021 ഒക്ടോബർ ഒന്നു മുതൽ ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കി കുത്തനെ കൂട്ടി. ഇതാണ് കനത്ത ആഘാതമായത്.

ആറ് വർഷത്തെ തിരിച്ചടികൾ

2016ലെ നോട്ട് നിരോധനം മുതൽക്കാണ് പ്രതിസന്ധിയുടെ തുടക്കം. 2017ലെ ജി.എസ്.ടി.യും 2018ലെ പ്രളയവും 2019ലെ മഹാമാരിയും കനത്ത തിരിച്ചടിയായി. 2020ൽ കൊവിഡ് മഹാമാരി കൂടിയായപ്പോൾ തകർച്ചയുടെ ആഴം കൂടി. തുടർച്ചയായ ലോക്ഡൗണും വിദ്യാഭ്യാസ സ്ഥാപനം അടച്ചിട്ടതും പൊതുപരിപാടിക്കുള്ള നിയന്ത്രണവും കടലാസുകൾക്ക് പകരം ഇലക്ട്രോണിക് സമൂഹമാദ്ധ്യമങ്ങൾ സജീവമായതും അച്ചടിവ്യവസായത്തെ തകർത്തു. കൊവിഡിന്റെ പിടിയിൽ നിന്ന് മോചനം നേടുമ്പോഴാണ് കടലാസിന്റെയും, മഷി, രാസവസ്തുക്കൾ, പ്ലേറ്റുകൾ തുടങ്ങിയ അച്ചടി അനുബന്ധ സാമഗ്രികളുടേയും അസംസ്‌കൃത വസ്തുക്കളുടേയും വില കുതിച്ചു കയറിയത്. ഇത് മൂലം ചെറുകിട പ്രസുകാർ സ്ഥാപനം പൂട്ടി. വലിയവ പ്രതിസന്ധിയിലുമായി

വിലക്കയറ്റം "ചീട്ടുകീറി"

ആർട്ട് പേപ്പറുകൾ കിലോഗ്രാമിൽ: 6570 രൂപയിൽ നിന്ന് 10,510ലേക്ക്

ക്രാഫ്റ്റ് പേപ്പറുകൾ: 30-35 45-50 രൂപ

കാർഡ്‌ബോർഡ് ബോക്‌സുകൾ: 40 70 രൂപ

ന്യൂസ് പ്രിന്റിന് (70% വിലവർദ്ധന): (ബി ഗ്രേഡ്) 4045 - 7580 രൂപയിലേക്ക്

20 വർഷം മുൻപ് സംസ്ഥാനത്തെ അച്ചടി സ്ഥാപനങ്ങൾ: 10,000ലേറെ
നിലവിലുള്ളത്: 3700


കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അച്ചടിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യാതൊരു നിലപാടും സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ. മന്ത്രാലയവും സംസ്ഥാന വ്യവസായ വകുപ്പും പ്രസുകളെ പരിപോഷിപ്പിക്കണം.

സണ്ണി കുണ്ടുകുളം

ജില്ലാ പ്രസിഡന്റ് , പ്രിന്റേഴ്സ് അസോ.

സ്‌കൂൾ തുടങ്ങുമ്പോൾ രണ്ട് കുട്ടികൾക്കും കൂടി 20-25 പുസ്തകങ്ങളാണ് വാങ്ങാറ്. തീരുന്ന മുറയ്ക്ക് പിന്നീട് വാങ്ങും. വിലക്കയറ്റം സാധാരണക്കാരുടെ നട്ടെല്ലൊടിക്കും '

ഉണ്ണികൃഷ്ണൻ ഒല്ലൂർ

രക്ഷിതാവ്