mmmmഅന്തിക്കാട് പുത്തൻകോവിലകം കടവ് കല്ലിടവഴി റോഡിലെ വെള്ളക്കെട്ട് പരിശോധിക്കുന്ന കളക്ടറുടെ പ്രതിനിധി സംഘം.

അന്തിക്കാട്: പുത്തൻകോവിലകം കടവ് കല്ലിടവഴി റോഡിൽ കാലങ്ങളായി നിലനിൽക്കുന്ന വെള്ളകെട്ട് ഒഴിവാക്കാൻ കളക്ടർ ഹരിത വി. കുമാറിന്റെ ഇടപെടൽ. മുൻ കാലങ്ങളിലെ കളക്ടർമാരുടെ നിർദ്ദേശങ്ങളെ തുടർന്ന് കാലങ്ങളായി മഴവെള്ളം ഒഴുകി പോയിരുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെയായിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ വെള്ളകെട്ട് ഒഴിവാക്കുന്നതിന് ശാശ്വത നടപടി സ്വീകരിക്കാനും നിലവിലെ വെള്ളകെട്ട് അടിയന്തരമായി ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിനും കോടതി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഡെപ്യൂട്ടി കളക്ടർ ഐ.ജെ. മധുസൂദനന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരും, ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി നേതാക്കളും ഉൾപ്പെടുന്ന സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു.

ബന്ധപ്പെട്ട എല്ലാവരെയും അടുത്ത ദിവസം ഹിയറിംഗിന് വിളിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഡെപ്യൂട്ടി കളക്ടർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമൻ, സെക്രട്ടറി സി.എ. വർഗീസ്, എ.വി. ശ്രീവത്സൻ, കെ.വി. രാജേഷ്, പി.എസ്. സുജിത്ത് തുടങ്ങിയവരുമായി കളക്ടറുടെ പ്രതിനിധികൾ ചർച്ച നടത്തി.