നെടുംബാൾ: കോന്തിപുലം - പാലക്കുഴി പാലത്തിന് താഴെയായി കനാലിന് കുറുകെ കാർഷിക ആവശ്യത്തിനായി ജലം സംഭരിക്കാൻ നിർമ്മിച്ച താത്കാലിക തടയണ പൊളിച്ചുമാറ്റാത്തത് മൂലം വെള്ളപ്പൊക്കഭീഷണി. കൊയ്ത്ത് കഴിഞ്ഞാൽ കോന്തിപുലം പാടശഖരത്ത് കനാലിൽ വെള്ളം കെട്ടിനിറുത്തേണ്ട ആവശ്യമില്ല.
കൃഷി ആരംഭിക്കുന്നതോടെയാണ് എല്ലാ വർഷവും താത്കാലിക തടയണ നിർമ്മിക്കുന്നത്. നെൽക്കൃഷിക്ക് ചെറിയ തോടുകളിലൂടെ വെള്ളം എത്തിക്കുന്നതിനാണ് തടയണ നിർമ്മിച്ച് വെള്ളം സംഭരിക്കുന്നത്. പാടശേഖരത്തിൽ കൊയ്ത്ത് കഴിഞ്ഞാൽ തടയണ കരാറുകാരൻ തന്നെ പൊളിച്ചു മാറ്റണമെന്നാണ് വ്യവസ്ഥ.
കൊയ്ത്ത് കഴിയുന്നതിന് മുമ്പ് മഴ തുടങ്ങി നെൽക്കൃഷി വെള്ളത്തിലായിരുന്നു. തുടർന്ന് തടയണയുടെ ഒരു ഭാഗം പൊളിച്ചു മാറ്റി വെള്ളം ഒഴുക്കിക്കളഞ്ഞു. വീണ്ടും മഴ കനത്തതോടെ കനാലിൽ നിറഞ്ഞ് ചെറുതോടുകളിലൂടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തി. ഇതോടെയാണ് പാടശേഖരത്തോട് ചേർന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായത്.
നാട്ടുകാർ മുറവിളി കൂട്ടിയിട്ടും തടയണ പൊളിച്ചുമാറ്റാൻ ജലസേചന വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആക്ഷേപം.
സ്ഥിരം തടയണയ്ക്ക് പ്രസക്തിയേറുന്നു
കോന്തിപുലം പാലം നിർമ്മിച്ചപ്പോൾ തന്നെ പാലത്തിനോട് ചേർന്ന് റെഗുലേറ്ററും നിർമ്മിക്കണമെന്ന് കർഷകർ ആവശ്യപെട്ടിരുന്നു. എന്നാൽ അധികൃതർ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. ഓരോ വർഷവും ലക്ഷങ്ങളാണ് സർക്കാർ തടയണ നിർമ്മാണത്തിന് ചെലവിടുന്നത്. യഥാസമയം തടയണ നിർമ്മിക്കാത്തതും പൊളിച്ചുമാറ്റാത്തതും പതിവാകുമ്പോൾ സ്ഥിരം തടയണ എന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്.
തടയണ പൂര്‍ണമായും നീക്കം ചെയ്ത് സമീപ പ്രദേശങ്ങളിലെ ജനങ്ങളെ വെള്ളപ്പൊക്ക ഭീതിയിൽ നിന്ന് രക്ഷിക്കണം
- ഷാജു കോമ്പാറക്കാരന്‍, കേരളാ കര്‍ഷക സംഘം പറപ്പൂക്കര മേഖലാ സെക്രട്ടറി