kuzhi
കൊടുങ്ങല്ലൂർ ബൈപാസിലെ കുഴികൾ.

ചന്തപ്പുര - കോട്ടപ്പുറം ബൈപാസിലെ ആഴമേറിയ കുഴികൾ യാത്രക്കാർക്ക് ഭീഷണി

കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ വാഹന യാത്രക്കാർക്ക് മരണക്കെണിയൊരുക്കി ആഴമേറിയ കുഴികൾ.

ബൈപാസിലെ ഗൗരിശങ്കർ സിഗ്‌നൽ ജംഗ്ഷൻ മുതൽ കോട്ടപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് ശക്തമായ മഴയിൽ വൻ അപകട കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. ഈ വഴി ആദ്യമായി യാത്ര ചെയ്യുന്ന വാഹനങ്ങളെല്ലാം അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്. വീതി കൂടിയ റോഡിലൂടെ അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ നിർബാധം കുഴികളിൽ വീഴുകയാണ്. രാത്രിയിൽ ഇരുചക്ര വാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്. ബൈപാസിൽ വഴി വിളക്കില്ലാത്തതിനാൽ വാഹനത്തിന്റെ വെളിച്ചത്തിൽ അകലെയുള്ള കുഴികൾ കൃത്യമായി കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായി പറയുന്നത്. കൂടാതെ കഴിക്ക് അടുത്തെത്തുമ്പോൾ പെട്ടെന്ന് വാഹനം വെട്ടിക്കുന്നതും അപകടത്തിലേക്ക് നയിക്കുന്നുണ്ട്.

കുഴികളിൽ മഴ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ പലരും റോഡാണെന്ന് തെറ്റിദ്ധരിച്ചാണ് അപകടത്തിൽപ്പെടുന്നത്. മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിട്ടും റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള ബൈപാസ് റോഡിലും സർവീസ് റോഡിലുമായി നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. ബൈപാസിലെ മൂന്നര കിലോമിറ്റർ ദൂരത്തിനിടയിൽ അഞ്ചോളം സിഗ്‌നൽ ജംഗ്ഷനുകളുണ്ട്. ഇവിടങ്ങളിൽ സിഗ്‌നൽ തെറ്റിച്ച് വാഹനങ്ങൾ അമിത വേഗതയിൽ കടന്നുപോകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുന്നതായി നാട്ടുകാർ പറയുന്നു.