
ജനം പറഞ്ഞു, കിടിലൻ ടൈമിംഗ്!
തൃശൂർ: പത്തുദിവസം നീണ്ട കാത്തിരിപ്പിനും പിരിമുറുക്കത്തിനുമൊടുവിൽ, തൃശൂർ പൂരം വെടിക്കെട്ട് പൊട്ടിത്തകർത്തു; തൊട്ടുപിന്നാലെ മഴയുടെ കൂട്ടപ്പൊരിച്ചിൽ. വെടിക്കെട്ടിനെത്തിയ ആയിരങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു, കിടിലൻ ടൈമിംഗ്!
ഉച്ചയ്ക്ക് 2.41ന് തിരുവമ്പാടിയുടെ വെടിക്കെട്ട് തുടങ്ങി, 2.47നായിരുന്നു കൂട്ടപ്പൊരിച്ചിൽ. 2.48 ന് പൊടുന്നനെ മഴ. പൂരപ്രേമികളും ദേവസ്വങ്ങളും പൊലീസുമെല്ലാം ആ മഴയത്ത് ആശ്വാസത്തോടെ നെടുവീർപ്പെട്ടു.
ഉച്ചയ്ക്ക് 2.05 ന് പാറമേക്കാവാണ് ആദ്യം തിരികൊളുത്തിയത്. 2.13ന് കൂട്ടപ്പൊരിച്ചിലോടെ തീർന്നപ്പോൾ എം.ജി.റോഡിലും കുറുപ്പം റോഡിലുമെല്ലാം നിറഞ്ഞുകവിഞ്ഞ ആയിരങ്ങൾ ആർത്തിരമ്പി.
11ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട്, പൂരത്തിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് തവണയാണ് മാറ്റിയത്. വ്യാഴാഴ്ച മാനം തെളിഞ്ഞപ്പോൾ വെള്ളിയാഴ്ച തന്നെ പൊട്ടിക്കാൻ മന്ത്രി കെ. രാജന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന അടിയന്തരയോഗത്തിൽ ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും തീരുമാനിച്ചു.
വൈകിട്ട് നാലിന് മുമ്പ് പൊട്ടിക്കാനായിരുന്നു ശ്രമം. പിന്നീട് നേരത്തെയാക്കി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാക്കി. ഇതിനായി ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും ചാറ്റൽമഴ വീണ്ടും ആശങ്കയിലാക്കി. ഒരു മണിയോടെ വീണ്ടും മാനം തെളിഞ്ഞു. അപ്പോഴേക്കും ജനങ്ങൾ നഗരത്തിൽ നിറഞ്ഞിരുന്നു. സ്വരാജ് റൗണ്ടിലേക്ക് ജനങ്ങളെ പ്രവേശിപ്പിച്ചില്ല. ഒന്നരയോടെ തയ്യാറെടുപ്പുകൾ വീണ്ടും തുടങ്ങി. ഒടുവിൽ 2.05ന് തിരികൊളുത്തിയപ്പോൾ വെടിക്കെട്ട് പ്രേമികളുടെ മനസ് നിറഞ്ഞു.
നഗരത്തെ പിടിച്ചു കുലുക്കിയ വെടിക്കെട്ട് പകലായതിനാൽ അമിട്ടുകളുടെ സൗന്ദര്യം കാണാനായില്ലെന്ന നിരാശയുണ്ടായെങ്കിലും കൈയടിച്ചും ആർപ്പുവിളിച്ചുമാണ് ജനങ്ങൾ വെടിക്കെട്ടിനെ വരവേറ്റത്. പെസോ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വെടിക്കെട്ട്. പൂരദിവസം മുതൽ പൊലീസ് കാവലിൽ തേക്കിൻകാട് മൈതാനത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു വെടിമരുന്നുകൾ. ഇവ സൂക്ഷിക്കുന്നത് കൂടുതൽ പ്രയാസകരമായതോടെ രാത്രിയിലേക്ക് നീട്ടാതെ ഉച്ചയ്ക്ക് തന്നെ പൊട്ടിച്ചുതീർക്കുകയായിരുന്നു. വെടിക്കെട്ട് പുരയുടെ താക്കോൽ ജില്ലാ ഭരണകൂടത്തിന്റെ പക്കലായിരുന്നു.