തൃശൂർ: ചെമ്പൂക്കാവ് മ്യൂസിയത്തിന് മുമ്പിൽ വഴിയോര വിൽപ്പന കേന്ദ്രം അനുവദിക്കുന്നതിൽ വിവേചനമെന്ന് ആരോപണം. കച്ചവടം നടത്താൻ അനുമതിയുണ്ടെന്നാണ് വഴിയോട കച്ചവടക്കാർ പറയുന്നത്. അനുമതിയില്ലെന്ന് കോർപറേഷനും. ഗതാഗത തടസത്തിന്റെ പേരിൽ കഴിഞ്ഞ നവംബറിൽ ഇവിടെയുള്ള ആറ് കടകൾ പൊളിച്ചു മാറ്റിയിരുന്നു. വൈകാതെ ചിലതെല്ലാം വീണ്ടും പ്രവർത്തനം തുടങ്ങി. ചില കടക്കാരുടെ താത്പര്യത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും ആരോപണമുണ്ട്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ചില കടയുടമകൾ മേയർക്ക് പരാതി നൽകി. മാസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പില്ലാതെ കടകൾ പൊളിച്ചുമാറ്റിയത് വിവാദത്തിന് ഇട നൽകിയിരുന്നു. എന്നാൽ മ്യൂസിയത്തിന് മുന്നിൽ വഴിയോരക്കച്ചവടം നടത്താൻ ആർക്കും അനുമതിയില്ലെന്നും അനധികൃതമായി പ്രവർത്തിക്കുന്ന കടകൾ പൊളിച്ചുമാറ്റുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ താജുദ്ദീൻ പറഞ്ഞു.