തൃശൂർ: കൊവിഡ് പ്രതിസന്ധി വിട്ടകലുകയും ആഘോഷങ്ങളും സർഗാത്മക കൂട്ടായ്മകളും ജീവിതത്തിന് വീണ്ടും നിറപ്പകിട്ടേകിത്തുടങ്ങുകയും ചെയ്യുമ്പോൾ, വേദികളിൽ ആവേശമായി 'മുഖം' നാടകവുമായി ഡോ. എ.വി. അനൂപ്. മെഡിമിക്‌സ് സോപ്പിന്റെ നിർമ്മാതാക്കളായ എ.വി.എ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും പ്രമുഖ നാടകനടനും ചലച്ചിത്ര നിർമ്മാതാവുമെല്ലാമായ അദ്ദേഹം ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയുടെ സാംസ്‌കാരികസന്ധ്യയോട് അനുബന്ധിച്ചാണ് അഭിനയിക്കുന്നത്.
ഇന്ന് വൈകിട്ട് 5.30ന് തൃശൂർ റീജ്യണൽ തിയേറ്ററിലാണ് അവതരണം. മന്ത്രി ഡോ. ആർ. ബിന്ദു നാടകം ഉദ്ഘാടനം ചെയ്യും. നാടകാചാര്യൻ സി.എൽ. ജോസിനെ കോർപറേഷൻ മേയർ എം.കെ. വർഗീസ് ആദരിക്കും. സ്ത്രീപുരുഷ ബന്ധത്തിന്റെ സൂക്ഷ്മതലങ്ങൾ അനാവരണം ചെയ്യുന്ന നാടകത്തിൽ ഡോ. അനൂപിനൊപ്പം ലക്ഷ്മി ഗോപകുമാറും മുഖ്യവേഷമണിയുന്നു. വൈകാരികതലങ്ങളിലൂടയും ബന്ധങ്ങളുടെ നിഗൂഢതകളിലൂടെയും കടന്നുപോകുന്ന നാടകത്തിന്റെ സംവിധാനം ഡോ. കെ.ജെ. അജയകുമാറാണ്. രചന ഗിരീഷ് പി.സി. പാലവും. സംഗീതം കൊച്ചിൻ അലക്‌സുമാണ്. ജി.ആർ. അശ്വിൻ ആണ് സംഗീതം ഏകോപനം. ആതിര ജയകുമാർ, ദീപ, യു.എൻ. പ്രിഥു, പ്രശോഭ് പ്രണവം. ഗോപകുമാർ, പി.കെ. സജിത്, ബി.എൻ. ബിനുകുമാർ, അശ്വിൻ ജയപ്രകാശ് എന്നിവരും പിന്നരങ്ങിൽ അണിനിരക്കുന്നു. കലാസന്ധ്യയിലേക്ക് പ്രവേശനം സൗജന്യമാണ്.