കൊടുങ്ങല്ലൂർ: നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജക്കെതിരെ പ്രതിപക്ഷമായ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഫലം കണ്ടില്ല. ഇടതുപക്ഷ കൗൺസിലർമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് അവിശ്വാസപ്രമേയം പരിഗണിക്കപ്പെട്ടില്ല. കോറം തികയാത്തതിനാൽ ചർച്ച പോലും ചെയ്യാതെ അവിശ്വാസപ്രമേയം പരാജയപ്പെട്ടതായി റിട്ടേണിംഗ് ഓഫീസറായ നഗരകാര്യ വകുപ്പ് റീജണൽ ഡയറക്ടർ അരുൺ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിന്നും 21 അംഗങ്ങളുള്ള ബി.ജെ.പി അംഗങ്ങൾ വിട്ടു നിന്നിരുന്നു. എന്നാൽ ബി.ജെ.പി കൗൺസിലർമാർ ഇന്നലെ യോഗത്തിൽ എത്തിയെങ്കിലും 22 അംഗങ്ങളുള്ള എൽ.ഡി.എഫ് കൗൺസിലർമാരും, കോൺഗ്രസിന്റെ ഏക കൗൺസിലറും വിട്ടുനിന്നു. തുടർന്ന് റിട്ടേണിംഗ് ഓഫീസർ പ്രമേയം വായിക്കുകയും അവിശ്വാസം പരാജയപ്പെട്ടതായി അറിയിക്കുകയും ചെയ്തു.

വൈസ് ചെയർമാൻ കെ.ആർ. ജൈത്രനെതിരെയുള്ള അവിശ്വാസ പ്രമേയം ഇന്നാണ് ചർച്ചക്കെടുക്കുന്നത്. എൽ.ഡി.എഫ് ഇന്നലെ നടത്തിയ അതേ തന്ത്രമായിരിക്കും ആവർത്തിക്കാൻ സാദ്ധ്യതയെന്നാണ് കരുതുന്നത്.

നിലവിലെ കക്ഷിനില

എൽ.ഡി.എഫ് 22

ബി.ജെ.പി 21

കോൺഗ്രസ് 1