തൃശൂർ: ജില്ലയിൽ നടക്കുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ. രാജൻ നിർവഹിച്ചു. ടീമുകളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം പതാക ഉയർത്തി. ജില്ലാതല റവന്യൂ കായിക മത്സരങ്ങളിൽ വിജയിച്ച 14 ജില്ലാ ടീമുകളും ഒരു ഹെഡ് ക്വാർട്ടേഴ്‌സ് ടീമും ഉൾപ്പെടുന്ന 15 ടീമുകളാണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. പ്രകടനം, അച്ചടക്കം, ഐക്യം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം തൃശൂർ ജില്ല കരസ്ഥമാക്കി.
രണ്ട്, മൂന്ന് സ്ഥാനങ്ങൾ പത്തനംതിട്ട, കണ്ണൂർ ജില്ലകൾ നേടി. മാർച്ച് പാസ്റ്റിന് ശേഷം അത്‌ലറ്റിക് മത്സരങ്ങൾ നടന്നു. കളക്ടർ ഹരിത വി. കുമാർ, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സരേഷ്, എ.ഡി.എം: റെജി ജോസഫ്, ഡെപ്യൂട്ടി കളക്ടർ ജോൺസൺ സി.ഒ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, വിദ്യാഭ്യാസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹനൻ എന്നിവർ പങ്കെടുത്തു.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഫുട്‌ബോൾ പ്രീക്വാർട്ടർ മത്സരങ്ങളും ഞായറാഴ്ച രാവിലെ ക്വാട്ടർ ഫൈനൽ മത്സരങ്ങളും ഉച്ചയ്ക്കുശേഷം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും.