തൃശൂർ: വെടിക്കെട്ട് പൊട്ടിച്ച് തീർത്തതിന്റെ ആശ്വാസത്തിൽ ജില്ലാ ഭരണകൂടവും പൊലീസും. നഗരമദ്ധ്യത്തിൽ അപകടം സംഭവിക്കാവുന്ന തരത്തിലുള്ള വെടിക്കോപ്പുകൾ ഇത്രയേറെ ദിവസം സൂക്ഷിക്കുകയെന്നത് അധികൃതർക്ക് ആശങ്ക സൃഷ്ടിക്കുന്നതായിരുന്നു.
11ന് പുലർച്ചെയുള്ള വെടിക്കെട്ട് അന്നേദിവസം വൈകീട്ട് പൊട്ടിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനിടെയാണ് മഴ ശക്തിപ്രാപിച്ചത്. ഇതോടെ പലതവണ മാറ്റിവയ്ക്കേണ്ടി വന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയ്ക്ക് സമീപം മൂന്നുപേർ മദ്യപിച്ച് പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ ആശങ്കയേറി. തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചു.
രണ്ട് വിഭാഗങ്ങൾക്കുമായി 24 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. കൂടാതെ 12 റവന്യൂ ജീവനക്കാരും ദേവസ്വം ജീവനക്കാരും മുഴുവൻ സമയം വെടിപ്പുരയ്ക്ക് സമീപം നിയോഗിച്ചിരുന്നു. വെടിക്കെട്ട് കഴിഞ്ഞതിൽ ദേവസ്വങ്ങളും ആശ്വാസത്തിലാണ്. ഓരോ ദിവസം ചെല്ലുംതോറും ചെലവ് കൂടിവരികയായിരുന്നു.
തീരുമാനം ശരവേഗത്തിൽ
തൃശൂർ: വെടിക്കെട്ട് തീരുമാനങ്ങൾ എല്ലാം ശരവേഗത്തിൽ. ഇന്നലെ വൈകീട്ട് വെടിക്കെട്ട് നടക്കുമെന്ന തീരുമാനം മാറ്റിയതും പറഞ്ഞതിനിനേക്കാൾ മുമ്പ് പൊട്ടിച്ചതും ഞൊടയിടയിൽ. രാത്രി വെടിക്കെട്ട് നടത്തണമെന്ന മോഹം ഇരുദേവസ്വങ്ങൾക്കും നേരത്തെ ഉണ്ടായിരുന്നെങ്കിലും മഴ മൂലം പലതവണ മാറ്റേണ്ടിവന്നതോടെ തീരുമാനം മാറ്റി. എങ്ങനെയെങ്കിലും പൊട്ടിച്ച് അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു തിരുവമ്പാടിയും പാറമേക്കാവും.
മഴ വൈകീട്ട് ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് മുൻ തീരുമാനങ്ങളെല്ലാം മാറി മറിഞ്ഞത്. മന്ത്രി കെ. രാജൻ, കളക്ടർ ഹരിത വി. കുമാർ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ച് ചേർത്ത് ജില്ലാ ഭരണകൂടം എടുക്കുന്ന തീരുമാനത്തിന് ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇനിയും വെടിക്കോപ്പുകൾ സൂക്ഷിച്ചുവക്കുന്നത് അപകടകരമാണെന്ന് വ്യക്തമായതോടെയാണ് വേഗം പൊട്ടിച്ചുതീർക്കാൻ തീരുമാനിച്ചത്.
ഓലപ്പടക്കവും ഗുണ്ടും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞായിരുന്നു ചാറ്റൽമഴയെ പ്രതിരോധിച്ചത്. ഇടവിട്ട് പെയ്ത മഴ ദേവസ്വങ്ങളെയും പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും ആശങ്കയിലാക്കി. സാമ്പിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളോടും കൂടിയായിരുന്നു വെടിക്കെട്ട്. സാമഗ്രികൾ എല്ലാം സുരക്ഷിതമായി പൊലീസ് കാവലിൽ സൂക്ഷിച്ചിരുന്നു. അതോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരും വെടിക്കെട്ട് ജീവനക്കാരും ഉണ്ടായിരുന്നു.4,000 കിലോ വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരുന്നത്. വെടിക്കെട്ടു പുരയുടെ താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.