തൃശൂർ: ലാലൂരിൽ 75 വർഷമായി കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിംഗ് വഴി സംസ്‌കരിക്കുന്നു. അത്യാധുനിക സംസ്‌കരണ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. മാലിന്യം ബയോമൈനിംഗ് യന്ത്രംവഴി കടത്തി വിടുമ്പോൾ മണ്ണ്, കല്ല്, പ്ലാസ്റ്റിക് എന്നിങ്ങനെ വേർതിരിക്കും. പ്ലാസ്റ്റിക് ഇന്ധനമാക്കി മാറ്റാൻ കഴിയുംവിധമുള്ള നൂതന സംവിധാനമാണിത്. ഐ.എം. വിജയൻ കായിക കോംപ്ലക്‌സും പൂർണമാവുന്നതോടെ ലാലൂരിന്റെ മുഖം മാറുമെന്നും പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു.
ഹൈക്കോടതി നിർദേശപ്രകാരം ഇടയ്ക്കിടെ സന്ദർശിക്കുന്ന ജില്ലാ ജഡ്ജി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. കുന്നുകൂടി കിടക്കുന്ന മാലിന്യം മൂലം കൊതുകുകളും ഈച്ചകളും പെരുകുന്നതിനും കിണർ, തോട്, കുളം നശീകരണത്തിനും കാരണമാവുന്നുണ്ട്. മഴയിൽ മാലിന്യം വീടുകളിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നതും പതിവായിരുന്നു. മീഥേൻ ഗ്യാസിന്റെ ഉത്പ്പാദനം വായുമലിനീകരണത്തിനും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ലെഗസി വേസ്റ്റ് ബയോമൈനിംഗ് നടത്തുന്നതോടെ ജനങ്ങൾക്കാകെ ആശ്വാസമാകും. അഞ്ചുകോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ കരാർ കൈമാറ്റവും മന്ത്രി ഡോ.ആർ. ബിന്ദു പ്ലാസ്റ്റിക് ബെയ്‌ലിംഗ് മെഷിന്റെ സ്വിച്ച് ഓണും നിർവഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ ലാലൂരിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ നേതൃത്വം നൽകിയ മുൻമന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, മുൻ മേയർമാരായ അജിത ജയരാജൻ, അജിത വിജയൻ എന്നിവരെ ആദരിക്കും. ടി.എൻ.പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും. വാർത്താസമ്മേളനത്തിൽ മേയർ എം.കെ. വർഗീസ്, ഡെ.മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, ഷീബ ബാബു, സെക്രട്ടറി ആർ. രാഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രവർത്തന രീതി
മാലിന്യം ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റി ബയോ റെമഡിയേഷൻ നടത്തി ഒരാഴ്ച ഇടും. തുടർന്ന് ബല്ലാസ്റ്റിക് സെപ്പറേറ്ററിലൂടെ കടത്തിവിട്ട് ടോമൽ സ്‌ക്രീൻവഴി വഴി വേർതിരിച്ച് 10 എം.എം. സ്‌ക്രീനിലൂടെ കമ്പോസ്റ്റ് വേർതിരിക്കും. ലഭിക്കുന്ന കല്ല്, കപ്പാട്ട മുതലായവ ഭൂമി നികത്താൻ ഉപയോഗിക്കാം. പ്ലാസ്റ്റിക്, തുണി, ടയർ മുതലാവ ബെയ്‌ലിംഗ് യന്ത്രത്തിൽ പ്രസ് ചെയ്ത് റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവലാക്കി മാറ്റി കലോറിഫിക് വാല്യു വർദ്ധിപ്പിച്ച് സിമന്റ് കമ്പനിക്ക് നൽകും. ഒരു ഷിഫ്ടിൽ ദിവസം 300 ഘനമീറ്റർ പ്രോസസ് ചെയ്യാം. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ എന്ന കമ്പനിക്കാണ് ടെൻഡർ ലഭിച്ചിട്ടുള്ളത്. 12 മാസമാണ് പൂർത്തീകരണ കാലാവധി.