തൃശൂർ: നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിൽ ജൂൺ ആദ്യവാരത്തിൽ പൂർണമായ പരിഹാരമുണ്ടാകുമെന്ന് മേയർ എം.കെ. വർഗീസ്. പീച്ചിയിലെ പ്ലാന്റിൽ അവസാനവട്ട പ്രവൃത്തികൾ നടന്നു വരികയാണ്. മാർച്ചിൽ പൂർത്തീകരിക്കുമെന്നാണ് ജല അതോറിറ്റി അറിയിച്ചതെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം വൈകുകയാണ്. ജല അതോറിറ്റിയും കെ.എസ്.ഇ.ബിയും തമ്മിലുള്ള കുടിശിക തർക്കമുൾപ്പെട വൈകാനിടയായി. ആരുടെയും ബോധപൂർവമായ വീഴ്ചയല്ലെന്നും മേയർ പറഞ്ഞു. ചർച്ചയ്ക്ക് പോലും തയ്യാറാവാതെ കരാർ ജീവനക്കാരനായ ഡ്രൈവറെ മാറ്റണമെന്ന ആവശ്യമുയർത്തിയുള്ള പ്രതിപക്ഷ കൗൺസിലർമാരുടെ സമരം ന്യായീകരണമില്ലാത്തതാണെന്നും എപ്പോൾ വേണമെങ്കിലും ചർച്ച നടത്താവുന്നതാണെന്നും പ്രതിപക്ഷമാണ് തയ്യാറാവേണ്ടതെന്നും മേയർ അറിയിച്ചു.