കൊടകര: വനിതകൾക്ക് തൊഴിൽ ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പെൺതൊഴിലിടത്തിന്റെ (ഷീ വർക് സ്‌പേസ്) ശിലാസ്ഥാപനം ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയാവും. ബെന്നി ബഹന്നാൻ എം.പി, എം.എൽ.എമാരായ കെ. കെ.രാമചന്ദ്രൻ, സനീഷ്‌കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, പ്രിൻസിപ്പൽ ഡയറക്ടർ ആൻഡ് ഗ്രാമവികസന കമ്മിഷണർ ഡി. ബാലമുരളി, ജില്ലാകളക്ടർ ഹരിത വി.കുമാർ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ജിജു പി. അലക്‌സ് എന്നിവർ പങ്കെടുക്കും. സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം,തൊഴിലുകളിൽ തുല്യപ്രവേശനം, സാമൂഹിക സുരക്ഷ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.