ചാലക്കുടി: ചാലക്കുടിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ തൗരത്രികത്തിന്റെ സംഗീത കുടുംബ സംഗമം ഇന്ന് എസ്.എൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാഗേഷ് ചേർത്തലയുടെ വേണുഗാന വിസ്മയം, സാംസ്‌കാരിക സമ്മേളനം, സമാദരണം എന്നിവയാണ് ചടങ്ങുകൾ. വൈകിട്ട് 6ന് ആരംഭിക്കുന്ന പുല്ലാങ്കുഴൽ ആലാപനം രണ്ട് മണിക്കൂർ നീണ്ടുനിൽക്കും. ഡോ. ആർ.എൽ.വി രാമകൃഷ്ണൻ, കെ.എ. ഉണ്ണിക്കൃഷ്ണൻ തുടങ്ങി പ്രഗത്ഭരെ ചടങ്ങിൽ ആദരിക്കും. പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ടി.ജെ.സനീഷ് കുമാർ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനാകും. പ്രോഗ്രാം ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണൻ, കോ-ഓർഡിനേറ്റർ തുമ്പൂർ സുബ്രഹ്മണ്യൻ, രക്ഷാധികാരി സി.സെന്തിൽകുമാർ, ടി.എസ്. ദുർഗാപ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.