ചാലക്കുടി: കെ.എസ്.ആർ.ടി സി ബസുകൾ വിനോദ സഞ്ചാരത്തിനുപയോഗിക്കുന്നതും വിദ്യാലയങ്ങളാക്കുന്നതും ശരിയായ രീതിയല്ലെന്നും എ.ഐ.ടി.യു.സിക്ക് അതിൽ യോജിക്കാനാവില്ലെന്നും സംസ്ഥാന ജനറൽ സെകട്ടറി കെ.പി.രാജേന്ദ്രൻ. ചാലക്കുടിയിൽ സമാപിച്ച സംസ്ഥാന നേതൃത്വ ക്യാമ്പിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരത്തിന് ടൂറിസം വകുപ്പുണ്ട്. കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിന് സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ഇതിൽ കൈ കടത്തുന്നത് ശരിയല്ല. പണിയെടുക്കുന്ന ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുത്ത് കാര്യക്ഷമമായി ഈ രംഗത്തെ നയിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യേണ്ടത്. അദ്ദേഹം കൂട്ടിച്ചേർത്തു. അതിരപ്പിള്ളി പദ്ധതിയെ എതിർത്തതു കൊണ്ടല്ല, വൈദ്യുതി ബോർഡിലെ എ.ഐ.ടി.യു.സി.യുടെ കീഴിലെ വർക്കേഴ്‌സ് ഫെഡറേഷന് അംഗീകാരം നഷ്ടപ്പെട്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു ചെറിയ വോട്ടിംഗ് ശതമാനത്തിൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചത്. അതിരപ്പിള്ളി വിഷയം യൂണിയനെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.