ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതി നടപ്പാക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് കോടശേരി പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റിനെ ഘരാവെ ചെയ്തു. തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ച് പെട്ടന്ന് യോഗം അവസാനിപ്പിച്ചതിൽ ക്ഷുഭിതരായ പ്രതിപക്ഷം പ്രസിഡന്റ് ഡെന്നി വർഗീസിനെ പിന്നീട് ഓഫീസിൽ തടഞ്ഞു വയ്ക്കുകയായിരുന്നു. ലൈഫ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാനതലത്തിൽ നടക്കുമ്പോൾ കോടശ്ശേരി പഞ്ചായത്ത് ഭരണ സമിതി അതിൽ നിന്നും വിട്ടുനിന്നുവെന്ന് പ്രതിപക്ഷ നേതാവ് ഇ.എ. ജയതിലകൻ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ വാതിൽപ്പടി സേവനത്തിന്റെ ഉദ്ഘാടനം വിരലിലെണ്ണാവുന്ന ആളുകളെ വിളിച്ച് പ്രഹസനമാക്കി. ഉരുൾപ്പൊട്ടൽ ഭീഷണി നിലനിൽക്കുന്ന നിർമ്മാണ നിരോധന മേഖലകൾ ലഘൂകരിക്കുന്നതിന് പകരം വ്യാപിപ്പിക്കലാണ് ഭരണ സമിതി ചെയ്തത്. എൽ.ഡി.എഫ് ലീഡർ ചൂണ്ടിക്കാട്ടി. എന്നാൽ ഭരണം നഷ്ടപ്പെട്ടതിന്റെ പകപോക്കലാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് പ്രസിഡന്റ് ഡെന്നി വർഗീസ് പറഞ്ഞു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ യോഗം സി.കെ. ശശി ഉദ്ഘാടനം ചെയ്തു. സി.കെ. സഹജൻ, കെ.കെ. ചന്ദ്രൻ , വി.കെ. വില്യംസ്, ടി.എൻ. ജോഷി എന്നിവർ പ്രസംഗിച്ചു.