ചാലക്കുടി: കെ. റെയിൽ കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്ന് ഉമ്മൻ ചാണ്ടി. പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വഞ്ചനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡി.സി.സി ചാലക്കുടിയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊജക്ട് റിപ്പോർട്ട് പോലുമില്ലാത്ത പദ്ധതിയുടെ പേരിൽ ശണ്ഠ കൂടുന്നത് മാത്രം ബാക്കിയാകും. പാർട്ടി നേതാക്കൾക്ക് കാബിനറ്റ് പദവിയും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും നൽകി സംസ്ഥാനത്തെ വൻ കടകെണിയിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന വികസന പദ്ധതികൾ ഓരോകാരണം നിരത്തി മരവിപ്പിച്ചു-ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, കൺവീനർ കെ.ആർ. ഗിരിജൻ, ചാലക്കുടി നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്, ഒ.എസ്. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.