പാവറട്ടി: പെരുവല്ലൂർ പരപ്പുഴപ്പാലം പുനർനിർമ്മാണത്തിന് വേണ്ടി ഉണ്ടാക്കിയ സമാന്തര സർവീസ് റോഡ് വീണ്ടും തകർന്നു. 2021 മാർച്ചിൽ പണി പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പരപ്പുഴ പാലം നിർമ്മാണത്തിലെ ഇഴച്ചിൽ മൂലം മേയ് 31 വരെയ്ക്ക് കാലാവധി നീട്ടിക്കൊടുത്തു. മേയ് 31 ന് പണി പൂർത്തിയാകുമോ എന്ന് നാട്ടുകാർക്ക് ആശങ്കയാണ്. സമാന്തര സർവീസ് റോഡിന്റെ മദ്ധ്യഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടു. ശക്തമായ മഴയിൽ പുഴയിൽ നിറയുന്ന വെള്ളം ഒഴുകിപ്പോകാൻ തടസം ഉള്ളതിനാലാണ് തെങ്ങ് കുറ്റി നാട്ടി മണ്ണിട്ട് നിർമ്മിച്ച റോഡ് തകരാൻ കാരണം. സമാന്തര റോഡിൽ കൂടി വാഹന ഗതാഗതം അനുവദിക്കരുത് എന്നാണ് നിർമ്മാണ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. പാലം നിർമ്മാണം വേഗം പൂർത്തീകരിക്കുന്നതിന് സമാന്തര പാതയിലൂടെ ഉള്ള ഗതാഗതം പൊതുമരാമത്ത് വകുപ്പ് നിരോധിച്ചു. 200 മീറ്റർ യാത്ര ചെയ്ത് അന്നകരയിലെത്തിയിരുന്നവർ എട്ടുകിലോമീറ്ററോളം ചുറ്റിക്കറങ്ങി വേണം അന്നകരയിലെത്താൻ. കഴിഞ്ഞ വർഷവും റോഡ് തകർന്നതിനാൽ മഴക്കാലം കഴിയും വരെ മറ്റു റോഡുകളെ ആശ്രയിക്കേണ്ടി വന്നു. ഏറെ സമരങ്ങൾക്കും കോലാഹലങ്ങൾക്കുമൊടുവിൽ പുതുക്കി പണിത സമാന്തര റോഡാണ് വീണ്ടും തകർന്നത്. അന്നകര കോക്കൂർ റോഡിലൂടെയും അന്നകര, എലവത്തൂർ, മുല്ലശ്ശേരി റോഡിലൂടെയുമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഈ റോഡുകളിൽ കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴികൾ മൂടിയെങ്കിലും വാഹനങ്ങൾ താഴുന്നത് മൂലം മണിക്കൂറുകളോളം ഇവിടെ വാഹനങ്ങൾ കുരുക്കിൽ കുടുങ്ങുകയാണ്.
പരപ്പുഴ സമാന്തര റോഡ് അടച്ചതിനാൽ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിക്കുന്ന ബദൽ യാത്രാമാർഗം സുരക്ഷിതമല്ലാത്തതിനാൽ പാലം പണി പൂർത്തിയാകും വരെ ശനിയാഴ്ച മുതൽ പാവറട്ടി, പറപ്പൂർ, അമല റൂട്ടിൽ ബസ് സർവീസ് നിറുത്തിവയ്ക്കുന്നതായി ബസുടമ സംഘടനയും പണിമുടക്കാൻ ബസ് ജീവനക്കാരും തീരുമാനിച്ചു.