
തൃശൂർ : ഒരാഴ്ച്ചയായി പെയ്ത വേനൽ മഴയിൽ ഈ മാസം കാർഷിക മേഖലയിലെ നഷ്ടം പത്ത് കോടിയിലേറെ രൂപ. മേയ് ഒന്ന് മുതൽ ഇന്നലെ വരെ കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം 10.19 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. നെൽക്കൃഷി മേഖലയിലാണ് നഷ്ടം കൂടുതൽ. കൊയ്‌തെടുക്കാറായ 350 ലേറെ ഹെക്ടർ കൃഷിയാണ് നശിച്ചത്.
കൂടാതെ പന്ത്രണ്ട് ഹെക്ടറോളം നെൽച്ചെടികളും കനത്ത മഴയിൽ നശിച്ചു. പച്ചക്കറി, തെങ്ങ്, വാഴ, റബ്ബർ എന്നിവയും നശിച്ചു. മഴ ഇനിയും തുടരുകയും കാലവർഷം അടുത്തെത്താറാവുകയും ചെയ്തതോടെ കർഷകരുടെ നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ്. അടുത്ത കാലത്തൊന്നും മേയ് മാസത്തിൽ കാർഷിക മേഖലയിൽ ഇത്രയേറെ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
നെൽക്കൃഷിയിൽ അഞ്ചരക്കോടി
കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കൊയ്‌തെടുക്കാറായ 355 ഹെക്ടർ നെൽക്കൃഷിയാണ് നശിച്ചത്. കൂടാതെ ഏതാനും ദിവസത്തെ പ്രായം മാത്രമുള്ള പന്ത്രണ്ട് ഹെക്ടറോളം നെൽച്ചെടികളും നശിച്ചു. 850 ഓളം കർഷകർക്കാണ് കൃഷി നാശം സംഭവിച്ചത്. 3.17 ഹെക്ടർ പച്ചക്കറി കൃഷിയും 58 ഏക്കറിലെ പച്ചക്കറികളുടെ പന്തലും നശിച്ചു. കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഒടിഞ്ഞുവീണത് 40,000ഓളം കുലച്ച വാഴകളും
കർക്കടകത്തിലും ചിങ്ങമാസത്തിലും വിളവെടുക്കാറായ കുലച്ച 39,397 വാഴകളാണ് കാറ്റിലും മഴയിലും ഒടിഞ്ഞത്. കൂടാതെ ഇപ്പോൾ നട്ട 24,580 വാഴതൈകളും നശിച്ചു. മൂന്നരക്കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 1217 തെങ്ങുകളും, 114 റബ്ബർ മരങ്ങളും 1876 കവുങ്ങുകളും 313 അടയ്ക്കാ തൈകളും 472 ജാതിക്ക മരങ്ങളും നശിച്ചു. 3.74 ഹെക്ടർ മരച്ചീനിയും മഴയിൽ നശിച്ചു.
ഈ മാസത്തെ നഷ്ടങ്ങൾ
കൊയ്‌തെടുക്കാറായ നെല്ല് 5.32 കോടി
നെൽച്ചെടികൾ 18 ലക്ഷം
പച്ചക്കറിയും അനുബന്ധ വസ്തുക്കളും 24.94 ലക്ഷം
തെങ്ങ് 60.85 ലക്ഷം
കുലച്ച വാഴ 2.36 കോടി
വാഴത്തൈകൾ 98.32 ലക്ഷം
ജാതിക്ക 14.60 ലക്ഷം
മരച്ചീനി 49,000