കൊടുങ്ങല്ലൂർ: മേത്തല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള നിലവിലെ ഭരണ സമിതിയുടെ സഹകരണ മുന്നണി, യു.ഡി.എഫിന്റ സഹകരണ ജനാധിപത്യ മുന്നണി, ബി.ജെ.പിയുടെ ഭാരതീയ ജനതാ സഹകരണ മുന്നണി എന്നിവയാണ് മത്സര രംഗത്തുള്ളവർ. എൽ.ഡി.എഫും, യു.ഡി.എഫും മുഴുവൻ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമ്പോൾ ബി.ജെ.പി ആറ് സീറ്റിലാണ് മത്സരിക്കുന്നത്. ദീർഘകാലം കോൺഗ്രസ് ഭരിച്ചിരുന്ന മേത്തല സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 13 അംഗ ഭരണസമിതിയിൽ ഒമ്പത് സീറ്റ് എൽ.ഡി.എഫിനും നാല് സീറ്റ് കോൺഗ്രസിനും ലഭിച്ചു. ഭരണം നിലനിറുത്താനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫ്. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തിയത്. 23ന് ഫലം പ്രഖ്യാപിക്കും.