കൊടുങ്ങല്ലൂർ: നഗരസഭയിൽ വൈസ് ചെയർമാനെതിരെയുണ്ടായ അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു. ഇടതുപക്ഷം വെള്ളിയാഴ്ച പയറ്റിയ അതേ തന്ത്രത്തിന്റെ തനിയാവർത്തനമായിരുന്നു ശനിയാഴ്ചയും കണ്ടത്. വൈസ് ചെയർമാൻ കെ.ആർ. ജൈത്രനെതിരെ പ്രതിപക്ഷമായ ബി.ജെ.പി ശനിയാഴ്ച കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പരിഗണിക്കാനായില്ല.

ഇടതുപക്ഷ കൗൺസിലർമാർ യോഗത്തിൽ നിന്നും വിട്ടു നിന്നതിനെ തുടർന്നാണ് അവിശ്വാസപ്രമേയം പരിഗണിക്കപ്പെടാതെയായത്. വെള്ളിയാഴ്ച ചെയർപേഴ്‌സൺ എം.യു. ഷിനിജക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയവും സമാനമായ രീതിയിൽ പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന യോഗത്തിലും ക്വാറം തികയാത്തതിനാൽ അവിശ്വാസപ്രമേയം പരാജയപ്പെട്ടതായി റിട്ടേണിംഗ് ഓഫീസറായ നഗരകാര്യ വകുപ്പ് റീജ്യണൽ ഡയറക്ടർ അരുൺ യോഗത്തെ അറിയിച്ചു.

ബി.ജെ.പി കൗൺസിലർമാർ യോഗത്തിന് എത്തിയെങ്കിലും എൽ.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തില്ല. കോൺഗ്രസിന്റെ ഏക കൗൺസിലർ വി.എം. ജോണി നഗരസഭ ഓഫീസിൽ ഉണ്ടായിരുന്നെങ്കിലും യോഗത്തിൽ നിന്നും വിട്ടുനിന്നു. പാർട്ടി ഓഫീസിൽ ഒളിച്ചിരുന്ന് എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് ടി.വി. സജീവൻ ആരോപിച്ചു.