കുഴൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല..!
മാള: കുഴൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് അവഗണനയെന്ന് പരാതി. രോഗികൾക്ക് ആനുപാതികമായി ജീവനക്കാർ ഇല്ലാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ മതിയായ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. സമീപ പഞ്ചായത്തുകളിലെ ആശുപത്രികളെ അപേക്ഷിച്ച് നിരവധി രോഗികളാണ് ദിനംപ്രതി ഇവിടെ എത്തിയിരുന്നത്. വിദഗ്ദ്ധ ജീവനക്കാർ ഇല്ലാത്തതിനാൽ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് സാധാരണക്കാരായ ജനങ്ങളെ സാമ്പത്തികമായി പ്രയാസത്തിലാക്കുകയാണ്.
പ്രവർത്തന മികവിന്റെയും രോഗികളുടെ വർദ്ധനവിന്റെയും അടിസ്ഥാനത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ ആശുപത്രിയിൽ ഇപ്പോൾ രോഗികളെത്തുന്നതും ഗണ്യമായി കുറഞ്ഞു. സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിശ്ചിത ജീവനക്കാർ വേണമെന്നിരിക്കെ ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ ചുറ്റിക്കുന്നുണ്ട്. നാല് ഡോക്ടർമാരും, മൂന്ന് നഴ്‌സും, രണ്ട് ഫാർമസിസ്റ്റും, രണ്ട് ലാബ് ടെക്‌നീഷ്യന്മാരും വേണ്ടിടത്ത് ഇപ്പോൾ ഒരു ഡോക്ടറും, രണ്ട് നഴ്‌സും, ഒരു ഫാർമസിസ്റ്റും മാത്രമാണുള്ളത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരവധി തവണ ഡി.എം.ഒയുമായി ബന്ധപ്പെട്ട് കൂടുതൽ സ്റ്റാഫിനെ നിയമിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ രണ്ട് ഒഴിവുകൾ നികത്താതിനാൽ തിരുത്ത, കൂഴൂർ എന്നീ സെന്ററുകൾ ഇപ്പോൾ പൂട്ടിക്കെട്ടിയ നിലയിലുമാണ്.
അടിയന്തരമായി ഒഴിവുകൾ നികത്തിയില്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ സമരപരിപാടികൾ സംഘടിപ്പിക്കേണ്ടി വരും.
സാജൻ കൊടിയൻ, കൂഴൂർ പഞ്ചായത്ത് പ്രസിഡന്റ്