ചാലക്കുടി: നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നഗരസഭയുടെ സ്വപ്ന പദ്ധതിയായ ടൗൺഹാൾ തുറന്നുകൊടുത്തു. വികസന സെമിനാറോട് കൂടിയായിരുന്നു ടൗൺഹാളിന്റെ ഔദ്യോഗിക ഗൃഹപ്രവേശം. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ടൗൺ ഹാൾ ഉദ്ഘാടനം നടത്തിയെങ്കിലും മുഴുവൻ പണികളും പൂർത്തിയായില്ലെന്ന് കാട്ടി തുറന്നു കൊടുക്കൽ നീണ്ടു പോയി.
പൊതുജന പങ്കാളിത്തത്തോടെ 2013ലാണ് ടൗൺഹാളിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ആദ്യഘട്ടം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും നിർമ്മാണം പൂർത്തീകരിച്ചിരുന്നില്ല. പിന്നീട് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കി. നഗരസഭയുടെ സുവർണ ജൂബിലി ആഘോഷത്തിലാണ് ടൗൺഹാൾ തുറന്നു കൊടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൊതുജനങ്ങൾക്ക് നിശ്ചിത വാടക നൽകി ടൗൺഹാൾ ഉപയോഗിക്കാം. വാടക പിന്നീട് നിശ്ചയിക്കും.
ബെന്നി ബെഹന്നാൻ എം.പി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ വി. ഒ. പൈലപ്പൻ അദ്ധ്യക്ഷനായി എം.എൽ.എ. ടി.ജെ. സനീഷ് കുമാർ മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു എസ്.ചിറയത്ത്, പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, സിന്ധു ലോജു, എം.എം. അനിൽ കുമാർ, കെ.വി. പോൾ തുടങ്ങിയവർ സന്നിഹിതരായി. ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയവരെ ചടങ്ങിൽ ആദരിച്ചു

ടൗൺ ഹാളിൽ ആധുനിക സൗകര്യങ്ങൾ
ഏഴ് കോടി രൂപ ചെലവിൽ നിർമ്മിച്ച ടൗൺ ഹാളിന് 40,000 ചതുരശ്ര അടി വിസ്തീർണവും ആധുനിക സൗകര്യങ്ങളുമുണ്ട്. ഒന്നാം നിലയിലെ പ്രധാന ഹാളിൽ 600 ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 400 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാൾ, നൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് ഏരിയ, അത്യാധുനിക ശബ്ദ സംവിധാനം എന്നിവ ടൗൺഹാളിന്റെ പ്രത്യേകതയാണ്.