പുതുക്കാട്: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ചതോടെ ഗതാഗതയോഗ്യമല്ലാതായ വരന്തരപ്പിള്ളി-നന്തിപുലം റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിച്ചതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കാൻ ജല അതോറിറ്റി ആവശ്യമായ തുക അനുവദിച്ചെങ്കിലും പ്രവൃത്തി ചെയ്യാൻ റോഡിന്റെ ബി.എം.ബി.സി നവീകരണ പ്രവൃത്തിയുടെ കരാറുകാരൻ തയ്യാറാവാതിരുന്ന സാഹചര്യത്തിലാണ് ഗതാഗത യോഗ്യമാക്കാൻ സാധിക്കാതിരുന്നത്. കരാറുകാരനെ ഒഴിവാക്കി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായുള്ള പ്രവൃത്തിയുടെ പുതിയ ടെൻഡർ വിളിക്കുന്നതിന് പൊതുമരാമത്തു വകുപ്പ് നടപടികൾ സ്വീകരിച്ചു. നാട്ടുകാരുടെയും ജനപ്രതികളുടെയും പരാതിയെ തുടർന്ന് എം.എൽ.എ.യുടെ നിർദ്ദേശ പ്രകാരമാണ് ഇതിനായി നടപടി സ്വീകരിച്ചത്. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചതായും എം.എൽ.എ അറിയിച്ചു.