alpha-edamuttam

എടമുട്ടം: സമൂഹത്തിലെ കാൻസർ രോഗികൾക്കും കിടപ്പിലായവർക്കും കിഡ്‌നി രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആൽഫ നൽകുന്ന സേവനങ്ങൾ ഒരു സർക്കാർ നിർവഹിക്കേണ്ടത്രയും കാര്യങ്ങളാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അഭിപ്രായപ്പെട്ടു. ആൽഫ പാലിയേറ്റീവ് കെയർ എടമുട്ടം ഹോസ്പീസിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് പുതുതായി സ്‌പോൺസർഷിപ്പായി ലഭിച്ച നാല് ഡയാലിസിസ് മെഷീനുകളുടെ സമർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടെ ഇവിടുത്തെ ഡയാലിസ് മെഷീനുകളുടെ എണ്ണം 24 ആയി. പ്രതിമാസം സൗജന്യ ഡയാലിസിസുകളുടെ എണ്ണം 1600 ആയി വർദ്ധിപ്പിക്കാൻ ഇത് ആൽഫയെ സഹായിക്കും.
ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം നൂർദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഒരു ഡയാലിസിസ് മെഷീൻ സംഭാവന നൽകിയ വീണ ജാൻ (വീണാസ് കറിവേൾഡ് ), അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.ചന്ദ്രബാബു, സീനത്ത് ബഷീർ, ശോഭന രവി, ബിന്ദു രാധാകൃഷ്ൺ, പി.ടി.ജോൺസൺ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.രമേശ്, ആൽഫ ട്രസ്റ്റി താഹിറ നൂർദീൻ, കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, ആൽഫ ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ കെ.എ.കദീജാബി, വി.ജെ.തോംസൺ തുടങ്ങിയവർ പ്രസംഗിച്ചു. വീണാ ജാൻ, ആരിഫ് സയാനി, സീനത്ത് ആരിഫ് സയാനി, സൈറ ഹാരിസ് എന്നിവരാണ് 4 ഡയാലിസിസ് മെഷീനുകൾ സ്‌പോൺസർ ചെയ്തത്.