തൃശൂർ: തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളിൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ പാർട്ടികളിൽ നിന്ന് നിരവധി പേർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അംഗത്വം നൽകി. കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പേഴ്‌സണൽ സെക്രട്ടറിയും അഖില കേരള വീര ശൈവസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.ആർ. മോഹനൻ, യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാൻ അനിൽ പൊറ്റെക്കാട്, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം സുനിൽകുമാർ വി.എ, മുൻ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് സജിത ബാബുരാജ്, ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം നന്ദകുമാർ ടി.എം, തൃശൂർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ഷിജു വെളിയന്നൂർകാരൻ തുടങ്ങി വിവിധ പാർട്ടികളുടെ ചുമതലകൾ വഹിക്കുന്ന നൂറിലധികം ഭാരവാഹികളാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. സ്വീകരണ യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന വക്താക്കളായ അഡ്വ. നാരായണൻ നമ്പൂതിരി, അഡ്വ. ടി.പി സിന്ധുമോൾ, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, എം.എസ്. സമ്പൂർണ എന്നിവർ പ്രസംഗിച്ചു.