
കൊടുങ്ങല്ലൂർ : കാലവർഷക്കെടുതി നേരിടാനും മുന്നൊരുക്കത്തിനുമായി എസ്.എൻ പുരം പഞ്ചായത്തിൽ കെ.എ അയൂബ് ചെയർമാനായി 40 അംഗ ദുരന്തനിവാരണ പ്രതിരോധ സേനയ്ക്ക് രൂപം നൽകാൻ തീരുമാനം. പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉപദേശക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത്തല ഉപദേശക സമിതിക്കും യോഗത്തിൽ രൂപം നൽകി. സേനയ്ക്ക് രൂപം നൽകാനും, പരിശീലനം നൽകാനും, ആവശ്യമായ ഉപകരണം വാങ്ങാനും തീരുമാനിച്ചു.
ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് ,എസ്.പി.സി, എൻ.സി.സി, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, എമർജൻസി റെസ്‌പോൺസ് ടീം തുടങ്ങിയ സംഘടനകളെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തും.
പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉപദേശക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർമാൻ കെ.എ അയൂബ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പി.എ നൗഷാദ്, വാർഡ് മെമ്പർമാരായ കെ.ആർ രാജേഷ്, ജാസ്മിൻ, സെറീന, ഇബ്രാഹിംകുട്ടി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.ആർ രേഖ, എസ്.പി.സി ഓഫീസർ എം.അഖിലേഷ്, ശ്യാംലി തുടങ്ങിയവർ സംസാരിച്ചു.
മറ്റ് തീരുമാനങ്ങൾ
മഴയുടെ സാഹചര്യം നോക്കി അപകടസാദ്ധ്യത കൂടുതലുള്ള പ്രദേശവാസികളെയും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരെയും ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കും.
അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റാൻ നടപടിയെടുക്കും.