പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ റോഡിൽ കുടിവെള്ള പൈപ്പ് ലൈനിനായി എടുത്ത കുഴികൾ യഥാവിധം അടക്കാത്തതിനാൽ വണ്ടികൾ താഴുന്നത് തുടർകഥയാകുന്നു. ഞായറാഴ്ച രാവിലെ ഒരു മണിക്കൂറിനുള്ളിൽ താഴ്ന്നത് അഞ്ചോളം വാഹനങ്ങളാണ്. ഒരു റ്റാറ്റ ഐറിസ്, ടെമ്പോ ട്രാവലർ, ഗുഡ്‌സ് ഓട്ടോ, 2 പാസഞ്ചർ ഓട്ടോ എന്നിങ്ങനെ അഞ്ച് വാഹനങ്ങളാണ് വിളക്കാട്ടുപാടം ദേവസൂര്യ റോഡിൽ മാത്രം താഴ്ന്നത്. പാവറട്ടി പഞ്ചായത്തും ഗുരുവായൂർ നഗരസഭയും അതിർത്തി പങ്കിടുന്ന വിളക്കാട്ടുപാടത്തെ വിവിധ റോഡുകളിൽ ദിവസവും നിരവധി വാഹനങ്ങൾ താഴുന്ന സാഹചര്യത്തിൽ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്ന് ദേവസൂര്യ പ്രവർത്തകർ ആവശ്യപ്പെട്ടു.