കുന്നംകുളം: കൊറോണ ഭീതി നിലനിൽക്കെ വൻമരത്തിലെ വവ്വാലുകളുടെ ശല്യം നാട്ടുകാരെ ആശങ്കയിലാക്കുന്നു. കുന്നംകുളം നഗരസഭയിലെ 20 ാം വാർഡ് ശാന്തി നഗറിലാണ് നാട്ടുകാർക്ക് ശല്യമായും ആശങ്ക സൃഷ്ടിച്ചും വവ്വാൽ കൂട്ടങ്ങൾ മരങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. കുന്നംകുളം ഗുരുവായൂർ റോഡിലെ ശാന്തിനഗറിലും ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ ഒന്നര ഏക്കറോളം വരുന്ന പറമ്പിലെ വൃക്ഷങ്ങളിലുമാണ് വവ്വാലുകളുടെ കൂട്ടങ്ങൾ സ്ഥിരതാവളമാക്കി സമീപവാസികളെ വിഷമിപ്പിക്കുന്നത്. വവ്വാലിന്റെ വിസർജ്യം കിണറ്റിലെ വെളളത്തിൽ വീണാൽ ഉണ്ടാകാവുന്ന ഭവിഷത്തുകൾ നാട്ടുകാരെ അസ്വസ്ഥരാക്കുന്നു. സമീപവാസികൾ പല തവണ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിച്ചങ്കിലും മണിക്കൂറുകൾക്കകം ഇവ തിരിച്ചെത്തുന്നു. വവ്വാൽ ശല്യത്തിൽ നിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കും ആരോഗ്യ വിഭാഗത്തിനും മൃഗ സംരക്ഷണ വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നതായും എന്നാൽ നാളിതുവരെയായി വിഷയത്തിൽ അധികൃതർ മൗനം പാലിക്കുകയാണെന്നും സമീപവാസികൾ പറഞ്ഞു. വിഷയം സംബന്ധിച്ച് നഗരസഭയിൽ പരാതി കൊടുത്തതിനെതുടർന്ന് നഗരസഭാ അധികൃതർ സ്ഥലം ഉടമസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അവരിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല എന്നാണ് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചതെന്നും സമീപവാസികൾ പറയുന്നു.