cv-center-road
തകർന്നു കിടക്കുന്ന ചെന്ത്രാപ്പിന്നി സി.വി സെന്റർ റോഡ്.

ചെന്ത്രാപ്പിന്നി സി.വി. സെന്റർ റോഡിലൂടെയുള്ള യാത്ര ദുഷ്കരം

കയ്പമംഗലം: മഴ കനത്തതോടെ ചെന്ത്രാപ്പിന്നി സി.വി. സെന്റർ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണം. കുണ്ടിലും കുഴിയിലും വെള്ളം നിറഞ്ഞ് റോഡിൽ നിറയെ മരണക്കെണികളാണ്. ചെന്ത്രാപ്പിന്നി മുതൽ സി.വി. സെന്റർ വരെ ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും റോഡ് നന്നാക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എൻ. വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, എസ്.ആർ.വി.യു.പി സ്‌കൂൾ, മൃഗാശുപത്രി എന്നിവടങ്ങളിലേക്ക് എത്താനുള്ള പ്രധാന റോഡാണിത്. ഇവിടേക്കുള്ള വാഹനങ്ങളടക്കം നിരവധി പേരാണ് ഈ വഴിയെ ആശ്രയിക്കുന്നത്.

സ്കൂൾ തുറക്കാറായതോടെ രക്ഷിതാക്കളും കുട്ടികളും ആശങ്കയിലാണ്. കുണ്ടുംകുഴിയുമായി റോഡിൽ ടാർ ഇല്ലാത്ത അവസ്ഥയാണ്. മഴ പെയ്ത് റോഡിൽ വെള്ളം നിറഞ്ഞതോടെ കുഴിയും റോഡും ഏതാണെന്ന് മനസിലാക്കാൻ കഴിയാത്ത സ്ഥിതിയാണ് യാത്രക്കാർക്ക്.

നേരത്തെ സമീപത്തെ റോഡുകളെല്ലാം പുതുക്കി പണിതെങ്കിലും ഈ റോഡ് കാലങ്ങളായി ഇങ്ങനെത്തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന വാർഡിലെ റോഡായിരുന്നിട്ടും വഴിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. കഴിഞ്ഞ മാർച്ചിൽ ജില്ലാ പഞ്ചായത്ത് റോഡ് റീ ടാറിംഗ് നടത്താൻ 28 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നൽകിയെങ്കിലും പണി ആരംഭിക്കാൻ കരാറുകാരൻ തയ്യാറായിട്ടില്ല. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടാറിന് വില കൂടിയതും വേനൽമഴ എത്തിയതുമാണ് നിർമ്മാണ പ്രവൃത്തി വൈകാൻ കാരണം. മഴ മാറുന്നതോടെ എത്രയും പെട്ടെന്ന് പണികൾ പുനരാരംഭിക്കും.

ടി.കെ. ചന്ദ്രബാബു

എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ്