bike

ചെക്ക്ഡാം റോഡിന് മുകളിലൂടെയുള്ള ബൈക്ക് യാത്ര.

ചേലക്കര: കൊണ്ടാഴി പഞ്ചായത്തിലെ ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ചെക്ക്ഡാം പാലത്തിലൂടെയുള്ള വാഹന യാത്ര അപകട ഭീഷണിയുയർത്തുന്നു. കനത്ത വേനൽ മഴയിൽ നീരൊഴുക്ക് ശക്തിപ്പെട്ടതോടെ ചെക്ക്ഡാം കെട്ടിന് മുകളിലൂടെ വെള്ളം കരകവിഞ്ഞൊഴുകുകയാണ്. വെള്ളമൊഴുകുന്നതിന്റെ ശക്തിയറിയാതെയാണ് കെട്ടിന് മുകളിലൂടെ ഇരുചക്രമടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. കൊണ്ടാഴിയെയും തിരുവില്വാമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന എളുപ്പവഴിയായതിനാൽ ധാരാളം വാഹനങ്ങളാണ് ഇതിലൂടെ നിത്യേന കടന്നു പോകുന്നത്. വാഴക്കോട്-പ്ലാഴി സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ദുരിതയാത്ര കണക്കിലെടുത്തും ഇതിലൂടെയുള്ള വഹന യാത്ര പെരുകിയിട്ടുണ്ട്. നീരൊഴുക്ക് വർദ്ധിച്ചതറിയാതെ എത്തുന്ന വാഹനങ്ങളെ നാട്ടുകാരാണ് മുന്നറിയിപ്പ് നൽകി തിരിച്ചയയ്ക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് പോകുന്നവരും ഏറെയാണ്. മുൻകാലങ്ങളിൽ ഇതിന് മുകളിലൂടെയുള്ള സാഹസിക യാത്ര നിരവധി അപകടങ്ങളും മരണങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.