കൊടുങ്ങല്ലൂർ: മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷം. പ്രദേശത്തെ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെയാണ് കറുത്ത നിറമുള്ള നായ റോഡിലൂടെ പോകുന്ന യാത്രക്കാരെയും മറ്റും ഓടിച്ചിട്ട് കടിച്ചത്. നഗരസഭ 39-ാം വാർഡിൽ എരിശ്ശേരി പാലം തെക്കിനേടത്ത് കൃഷ്ണൻ നായർ മകൻ ശ്രീകുമാരൻ, കൈതക്കാട്ട് സനീഷ് മകൾ ആദ്യനന്ദ, താണിയത്ത് മിഥുനിന്റെ മകൾ നിള, കടുക്കച്ചുവട് ബസ് സ്റ്റോപ്പിനടുത്ത് പലചരക്ക് കട നടത്തുന്ന തോട്ടുങ്ങൽ സലാം തുടങ്ങിയവർക്കാണ് കടിയേറ്റത്.

സലാം രാവിലെ കോട്ടപ്പുറം മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ പിറകിൽ നിന്ന് ചാടി കടിക്കുകയായിരുന്നു. സമീപത്തെ മറ്റ് നായ്ക്കളെയും മൃഗങ്ങളെയും നായ കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.