തൃശൂർ: തൃശൂർ ടൗണിൽ നിന്നും ജില്ലാ ആസ്ഥാനമായ അയ്യന്തോളിലേക്ക് ബസ് ചാർജിൽ നിയമ വിരുദ്ധമായി 62 ശതമാനം വർദ്ധന വരുത്തിയതിനെതിരെ തൃശൂർ ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ ആർ.ടി.എ ചെയർമാന് പരാതി നൽകി.
ബസ് ചാർജ് വർദ്ധനയ്ക്ക് മുൻപ് തൃശൂർ ടൗണിൽ നിന്നും കളക്ടറേറ്റിലേക്ക് എട്ട് രൂപ മാത്രമായിരുന്നു ചാർജ്. എന്നാൽ മേയ് ഒന്ന് മുതൽ 5 രൂപ കൂടി കൂട്ടി 13 രൂപയാണ് ഈടാക്കുന്നത്. എട്ട് രൂപ മിനിമം ചാർജ് വാങ്ങിയിരുന്നത് 10 രൂപ ആക്കുന്നതിന് മാത്രമേ സർക്കാർ അനുമതി നൽകിയിട്ടുള്ളൂ. എന്നാൽ ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് ഏകപക്ഷീയമായി ബസ് ഉടമകൾ 62% കൂട്ടി. പടിഞ്ഞാറേ കോട്ടയിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരെയുള്ള അയ്യന്തോൾ കളക്ടറേറ്റിലേക്ക് 13 രൂപ നൽകണം. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.ടി.എ ചെയർമാൻ കൂടിയായ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.