തൃശൂർ: തൃപ്രയാർ - ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ സമയക്രമങ്ങളിലെ അപാകത പരിഹരിക്കണമെന്ന് ബസുടമകൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ഠാണാവിൽ നിന്ന് ചാലക്കുടി, വെള്ളിക്കുളങ്ങര, കൊടകര, തൃശൂർ, കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ബസുകൾക്ക് സർവീസ് നടത്താൻ സൗകര്യമുണ്ട്. തൃപ്രയാറിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്ന ബസുകൾക്ക് മാത്രം സൗകര്യമില്ല. ഇരിങ്ങാലക്കുടയിൽ നിന്ന് തൃപ്രയാറിലേക്ക് ബസുകൾ സർവീസ് നടത്തുന്ന പോലെ തൃപ്രയാറിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് സർവിസ് നടത്താൻ അനുവാദം നൽകണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ റൂട്ടിൽ പെർമിറ്റിൽ അനുവദിച്ച സമയത്തേക്കാൾ പത്ത് മിനിട്ട് കുറച്ച് സർവീസ് നടത്താനാണ് അധികൃതരിൽ നിന്നുള്ള നിർദ്ദേശം. ഇതനുസരിച്ച് സർവീസ് നടത്തുമ്പോൾ വാഹനാപകടങ്ങൾ കൂടുന്നതായും പറയുന്നു. ഇത് സംബന്ധിച്ച് പാരതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ബസുടമകൾ ആരോപിച്ചു. ബസുടമകളുടെ പ്രതിനിധി മോഹനൻ കാട്ടിക്കുളം, പി. സജീവൻ, കെ.ബി. വിനോദ്കുമാർ, സലിം പോക്കാക്കില്ലത്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.