പുതുക്കാട് : ദേശീയ പാതയിൽ അറുപത് കിലോമീറ്ററിനുള്ളിലെ ഒരു ടോൾ പ്ലാസ നിറുത്തലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ പ്രഖ്യാപിച്ചിട്ടും ടോൾ നിറുത്തലാക്കാൻ ഇനിയും ആവശ്യപ്പെടാത്തത് സംസ്ഥാന സർക്കാരിന്റെ താൽപ്പര്യമില്ലായ്മയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ്.
കേന്ദ്രമന്ത്രിയുടെ ലോക്‌സഭയിലെ പ്രഖ്യാപനത്തെ തുടർന്ന് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നതിന് വിവരാവകാശപ്രകാരം പൊതുമരാമത്ത് വകുപ്പ് നൽകിയത്, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ്. ടോൾ പ്ലാസ നിറുത്തലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി, റവന്യൂമന്ത്രി എന്നിവർക്ക് കത്ത് നൽകിയിരുന്നെങ്കിലും ഒരു മറുപടി പോലും ലഭിച്ചില്ല. കരാർ തുകയും സ്വാഭാവിക ലാഭവും കൂടിയ സംഖ്യയും ടോൾ കമ്പനി പിരിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും ടോൾ നിറുത്തലാക്കാനുള്ള അവസരം സർക്കാർ മുതലാക്കിയില്ല എന്നുള്ളത് അനാസ്ഥയാണ്. ഈ കാര്യത്തിൽ റവന്യൂ മന്ത്രി കെ.രാജനും സ്ഥലം എംഎൽഎ കെ.കെ.രാമചന്ദ്രനും മുൻകൈയെടുക്കണമെന്ന് അഡ്വ.ജോസഫ് ടാജറ്റ് ആവശ്യപെട്ടു.