vathilpadi
തളിക്കുളം പഞ്ചായത്ത് വാതിൽപ്പടി സേവന പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് തുക സ്വീകരിക്കുന്നു.

തളിക്കുളം: വാതിൽപ്പടി സേവന പരിപാടിക്ക് തളിക്കുളം പഞ്ചായത്തിൽ തുടക്കം. പഞ്ചായത്ത് ഹാളിൽ നിരാശ്രയരായ ഗുണഭോക്താക്കൾക്കായി ജനപ്രതിനിധികളും ജീവനക്കാരും അവരുടെ വേതനത്തിന്റെ ഒരു ഭാഗം നൽകി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. പഞ്ചായത്ത് പരിധിയിലുള്ള 89 ഗുണഭോക്താക്കൾക്കാണ് നിലവിൽ പദ്ധതിയുടെ സേവനം ലഭിക്കുക.

ഗുണഭോക്താവായ ആറാം വാർഡിലെ മജീദിന്റെ കുടുംബം ജനപ്രതിനിധികളും, ജീവനക്കാരും, സന്നദ്ധപ്രവർത്തകരും സന്ദർശിച്ചു. ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു. വാതിൽപ്പടി സേവനം പദ്ധതിക്കായി പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിലേക്ക് ഉദാരമതികളായവർക്ക് സംഭാവനകൾ കൈമാറാവുന്നതാണെന്നും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, ബുഷ്ര അബ്ദുൾ നാസർ, സിംഗ് വാലത്ത്, സി.കെ. ഷിജി, ബിന്നി അറക്കൽ, എ.വി. മുംതാസ്, സുജ, ഭാഗ്യം എന്നിവർ പങ്കെടുത്തു.